
സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായ ‘ഡസ്റ്റിങ്’ ചലഞ്ച് പരീക്ഷിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. റെന്ന ഒ റോർക്കി എന്ന പത്തൊൻപതുകാരിയാണ് മരിച്ചത്. കീ ബോർഡ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പ്രേ ശ്വസിച്ചുകൊണ്ടുള്ള ചലഞ്ചാണ് ക്രോമിങ് എന്നും അറിയപ്പെടുന്ന ‘ഡസ്റ്റിങ്’ ചലഞ്ച്.
സോഷ്യൽമീഡിയയിലെ വിഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാരെ കിട്ടാൻ വേണ്ടിയാണ് ചിലയാളുകൾ ഈ ചലഞ്ച് ചെയ്യുന്നത്. പ്രശസ്തയാകണം എന്നതായിരുന്നു പത്തൊൻുപതുകാരിയുടെ ആഗ്രഹം. എന്നാൽ, സ്പ്രേ ശ്വസിച്ചതിനെ തുടർന്ന് റെന്നയ്ക്ക് ഹൃദയാഘാതമുണ്ടായി. ഒരാഴ്ചയോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ റെന്നയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഡസ്റ്റിങ് ചാലഞ്ച് വലിയ അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. സ്പ്രേയിലെ രാസവസ്തുക്കൾ ശ്വാസകോശത്തിലെയും ശരീരത്തിലെയും ഓക്സിജനെ ഇല്ലാതാക്കും. ഇത് കരൾ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.











